Select Menu
Select Menu

Favourite

Jawa Timur

Wisata

Theme images by konradlew. Powered by Blogger.

Culture

Transportasi Tradisional

Rumah Adat

Bali

Pantai

Seni Budaya

Kuliner

അഷ്ടമിരോഹിണി ആയിരുന്നു അന്ന്. തെരുവ് മുഴുവനും ധോലിന്റെ താളം, കൃഷ്ണ ഭജനുകൾ. അമ്പലങ്ങളിലും ,പാതയോരങ്ങളിൽ കെട്ടി ഉണ്ടാക്കിയ ചെറുമണ്ഡപങ്ങളിലുമൊക്കെ ഉണ്ണിക്കണ്ണനും അമ്മവാത്സല്യവും രാസലീലയും പല വിധത്തിൽ പുനർ ജ്ജനിച്ചിരിക്കുന്നു. തിളങ്ങുന്ന, കടുംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളും ഉല്ലാസവാന്മാരായ കുട്ടികളുമൊക്കെ ചേർന്ന് കണ്ണന് ചുറ്റും ഗോപികാവൃന്ദം ചമയ്ക്കുന്നത് പോലെ തോന്നും, തെരുവ് കണ്ടാൽ. യമുനയിൽ നിന്ന് വീശി വരുന്നൊരു കാറ്റ് വൈകുന്നേരത്തെ വല്ലാതെ തണുപ്പിച്ചിട്ടുണ്ട്.

അടുത്ത് യമുനയുണ്ട് .യമുനാതീരത്ത് താജ് മഹലും. പ്രണയം എന്ന വാക്കിനെ താജ് മഹൽ എന്ന ശില്പ ഗോപുരം കൊണ്ട് ലോകത്ത് അടയാളപ്പെടുത്തി വെച്ചത് ഈ ചെറുപട്ടണത്തിലാണ്. ഈ രാവ് വെളുക്കണം, എന്നാലേ പ്രണയസങ്കൽപ്പങ്ങളുടെ അമൂർത്ത ഭാവമായി നിലകൊള്ളുന്ന താജിലെത്താനാവൂ.

രാത്രിമഴയുടെ ബാക്കി
--------------------------
നിറഞ്ഞു പെയ്ത ഒരു രാത്രിമഴയ്ക്ക് ശേഷം പുലരിയിൽ തെരുവ് മുഴുവന്‍ നനഞ്ഞ് കിടക്കുകയായിരുന്നു. പിറ്റേന്ന് വെള്ളിയാഴ്ച സന്ദർശകർക്ക് നിയന്ത്രണം ഉള്ളതിനാലാവാം രാവിലെ തന്നെ അവിടം സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. പേരറിയാത്ത ഒരു ചക്രവര്ത്തിയുടെ കുതിരപ്പുറമേറി നിൽക്കുന്നസ്വർണ്ണനിറത്തിലുള്ള പ്രതിമ നില്ക്കുന്ന ഒരു നാല്ക്കവല വരെയേ മോട്ടോർ വാഹനങ്ങള്ക്ക് അനുവാദമുള്ളൂ . പുരാനിമന്ടി എന്നാണ് ആ സ്ഥലത്തിന്റെ പേര്.

അതിനപ്പുറം ലോകാത്ഭുതത്തിന്റെ വേലിക്കെട്ട് ആണ്. അവിടുന്ന് അങ്ങോട്ട് നടക്കാം. അല്ലെങ്കില്‍ ബാറ്ററി കാർ വിളിക്കാം. മണ്ടന്‍ മുഖമുള്ള ഒട്ടകങ്ങൾ വലിക്കുന്ന വണ്ടികൾ ഉണ്ട്. സൌകര്യം പോലെ ഓരോ സംഘം ഓരോന്ന് സ്വീകരിക്കുന്നു. പ്രണയികളുടെ ആഘോഷമാണ് അവിടെ. പോയ കാലത്തിന്റെ അടയാളം ബാക്കി വെച്ച മുഗൾ പൂന്തോട്ടം കണ്ടു കൊണ്ട് പതിയെ പോകുന്ന ജോടികളെ വട്ടം ചുറ്റുന്ന ഗൈഡുമാരെ വകഞ്ഞു മാറ്റി മുന്നോട്ട് പോകാന്‍ പലരും ശ്രമിക്കുന്നു. 

ചരിത്രത്തിലേക്ക് ചില വാതിലുകൾ
----------------------------------------
സാരി ഉടുത്ത് പൊട്ടു വെച്ച്, എന്നാല്‍ സാരിയ്ക്ക് വേണ്ട ഒതുക്കത്തിൽ നടക്കാനറിയാത്ത വിദേശി പെണ്‍കുട്ടികൾ എനിക്ക് മുന്പേ ഉത്സാഹത്തോടെ നടന്നു നീങ്ങുന്നുണ്ടായിരുന്നു. ടിക്കറ്റ് എടുത്ത ശേഷം അകപ്പെട്ടത് നാല് വാതിലുകൾ ഉള്ള ഒരു ചതുരമുറ്റത്താണ് . നാല് ദിശകളിലേക്ക് തുറക്കുന്ന നാല് പടുകൂറ്റൻ വാതിലുകൾ , അതില്‍ ഒന്ന് താജ് മഹലിന്റെ ശില്പ്പികൾ താമസിച്ചിരുന്ന തെരുവിലേക്കും, രണ്ടാമത്തേത് ഷാജഹാന്‍ ചക്രവര്ത്തിമയുടെ ആദ്യഭാര്യയായ അക്ബരി ബേഗത്തിന്റെ ഓര്മ്മയിലേക്കും, മറ്റൊന്ന് മുംതസ് മഹലിന്റെ ഉറ്റ ചങ്ങാതിയുടെ ഓര്മ്മയിലേക്കും, നാലാമത്തേത് ഖുര്റം രാജ കുമാരന്റെ പ്രിയ പത്നിയായ അര്ജുമൻ ബാനോ ബേഗത്തിന്റെ നിലയ്ക്കാത്ത പ്രണയത്തിലേക്കും തുറക്കുന്നു.

രാജകീയ കവാടം കടന്നു അകത്തെത്തി. പ്രണയസൌധം പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്നവരുടെ തിരക്കായിരുന്നു അവിടെ. പ്രണയികളുടെ ഇരിപ്പിടത്തിൽ, ഗോപുര മകുടത്തിൽ തൊടുന്നതു പോലുള്ള പോസുകളിക്കൊക്കെ ക്യാമറകൾ മിന്നി തെളിഞ്ഞു കൊണ്ടേ ഇരുന്നു.

പ്രധാന കവാടം മുതൽ താജ് വരെ നീണ്ടു കിടക്കുന്ന മുഗൾ ജലധാര യന്ത്രങ്ങൾഅനക്കമറ്റ് കിടക്കുകയാണ്. വി ഐ പി സന്ദര്ശനങ്ങളിലും സിനിമാ ഷൂട്ടിങ്ങുകളിലുമേ അവ ഉണരുകയുള്ളൂ. എന്റെ താജ് ദിവസത്തിലേക്ക് ആകാശം മഴമേഘങ്ങളേയും കൂട്ടിനു അയച്ചിട്ടുണ്ട് .

പ്രണയഗോപുര മുറ്റത്ത്
-----------------------------
ചനുപിനെ പെയ്യുന്ന കുഞ്ഞു മഴത്തുള്ളികള്ക്കടപ്പുറം താജ് മങ്ങി നില്ക്കുന്നു. പതിയെ ഒതുക്കുകൾ കയറി, പ്രണയഗോപുര മുറ്റത്ത് കാൽ തൊട്ടപ്പോൾ, പൊള്ളുന്ന പ്രണയത്തിലേക്ക് പനിച്ചിറങ്ങാൻ കൊതിച്ച എന്റെ ശരീരമാസകലം തണുപ്പ് അരിച്ചെത്തി . മരണം മണക്കുന്ന തണുപ്പ് . വായിച്ചറിവുകളിൽ ഉസ്താദ് ഈസയുടെയും കൂട്ടാളികളുടെയും 22 വര്ഷത്തെ അദ്ധ്വാനം ചെന്നിണമായി കാല്ക്കീഴിലൂടെ ഒഴുകുന്നത് പോലെ ! കാലത്തിന്റെ കവിളിലെ കണ്ണുനീർ തുള്ളിയാണ് താജ് മഹൽ എന്ന് എവിടെയോ വായിച്ചതോര്ത്തുഒ.

താജ് എന്ന ആ വെണ്‍ കുടീരത്തിന് അരികിലായി നമസ്കാരത്തിനുള്ള പള്ളിയുണ്ട് . നിറം മങ്ങിയ പരവതാനികളിൽ, അവിടവിടെയായി ചരിത്രത്തിലേക്ക് ചേക്കേറിയിരിക്കുന്ന പ്രാവിൻകാഷ്ടങ്ങള്‍ കാണാം. ചിലയിടങ്ങളിൽ വിശ്രമിക്കുന്ന തൊഴിലാളികളും. ഇമാമിനു കയറി നില്ക്കേ ണ്ട 'മിമ്പറും' നിറം മങ്ങി വശം കെട്ടിരിക്കുന്നു. മറ്റൊരു വശത്തായി വായനശാലാ കെട്ടിടം ഉണ്ട് .പണ്ട് പേര്ഷ്യ്ൻ പുസ്തകങ്ങളാൽ നിറഞ്ഞിരുന്നിരിക്കണം, അവിടം. 

ഷാജഹാന്‍ ചക്രവര്ത്തിറയുടെയും മുംതാസ് മഹലിന്റെയും സ്മൃതി കുടീരങ്ങളുടെ മാതൃക താജിനകത്തുണ്ട്. ശരിയായ ഖബറിടം അതിനു താഴെ ഭൂമിക്കടിയിലാണ്. വര്ഷാഹവര്ഷംൃ ഉറൂസ് നാളുകളിൽ ഖബറിടങ്ങളിലേക്ക് ഭൂമി തുരന്നു പോവുന്ന പാത തുറക്കാറുണ്ടത്രെ . 

യമുന അരികെ ശാന്തമായി ഒഴുകുന്നുണ്ടായിരുന്നു. മഴയത്ത് ചുവന്നു പോയ നദിയുടെ കുറുകെ ഒരു കറുത്ത തോണി എങ്ങോട്ടോ പോവുന്നു. അക്കരെ നിന്ന് അപ്പോഴും ധോലിന്റെ ശബ്ദം. ഭജന്‍. ദൂരെ ആഗ്ര കോട്ട നെടുങ്കനെ നില്ക്കുന്നു. 

നിറങ്ങൾ, നൃത്തങ്ങൾ!
----------------------------
പിറ്റേന്ന് ആഗ്ര കോട്ടയിലും കൊട്ടാരത്തിലുമായിരുന്നു. രാജാക്കന്മാരുടെ സുഖലോലുപതകളുടെ അവശിഷ്ടങ്ങൾ ! അക്ബറും ജഹാംഗീറും ഷാജഹാനും ഒക്കെ കാലക്രമം അനുസരിച്ച് ജീവിച്ചു തീര്ത്ത കൊട്ടാരം ആയിരുന്നു അത്. ആനയും കുതിരയും മല്ലന്മാരും നിരന്നിരുന്ന കൊട്ടാര അങ്കണം. പട്ടു കുപ്പായങ്ങൾ ഉലഞ്ഞാടിയ അകത്ത ളങ്ങൾ. അകിലും ചന്ദനവും മണത്തിരുന്ന, ശരറാന്തലുകൾ മുനിഞ്ഞു കത്തിയിരുന്ന അരമനകൾ . എന്റെ വിഷ്വലുകൾ ഒരു സഞ്ജയ് ലീല ബന്സാിലി സിനിമ പോലെ നിറങ്ങൾ നൃത്തം ചെയ്ത് സമൃദ്ധമായി. 

ജോധാഭായിക്ക് വേണ്ടി അക്ബർ ചക്രവർത്തികൊട്ടാരത്തിനകത്ത് നിര്മ്മിെച്ച അമ്പലവും (പിന്നീടത് ഔറംഗസേബ് പൊളിച്ചു കളഞ്ഞു ) പ്രണയത്തിന്റെയും സുഖലോലുപതയുടെയും കാര്യത്തില്‍ അഗ്രഗണ്യനായ ജഹാംഗീറിന്റെ അംഗൂരി ബാഗ് നിന്നിരുന്ന സ്ഥലവും ( പിന്നീടവിടെ ഒരു മീന്‍ കുളം നിര്മ്മിയക്കപ്പെട്ടുവത്രെ. മുംതാസും ഷാജഹാനും, വിനോദമെന്ന നിലയ്ക്ക് ഖാസ് മഹലിന്റെ മട്ടുപ്പാവിൽ നിന്ന് ഈ കുളത്തിലെ മീനുകളെ അമ്പെയ്യുമായിരുന്നുവത്രേ!) ജഹാംഗീറിന്റെ എണ്ണിയാൽ ഒടുങ്ങാത്ത വെപ്പാട്ടികൾ താമസിച്ചിരുന്ന മുറികളും ഖാസ് മഹലും നാഗീന മസ്ജിദും ഇടനാഴികളും ഒക്കെ പിന്നിലേയ്ക്ക് പൊയ്ക്കൊണ്ടേയിരുന്നു. 

വസന്തത്തിന്റെ നിഴലുകൾ
------------------------------
ഇപ്പോൾ നില്ക്കുന്നത് ഒരു കണ്ണാടി മാളികയിൽ ആണ്.ഷീഷ് മഹൽ! മുംതാസ് മഹലിന്റെ കുളിപ്പുര ആയിരുന്നുവത്രെ അത്! കേവലം നാല്പതു വർഷത്തിൽ താഴെ മാത്രം ഭൂമിയില്‍ ജീവിച്ച്, യൌവനത്തിന്റെ ഉത്തുംഗതയിൽ,കാട് കത്തിയെരിയുന്നപോലെ വന്യമായ പ്രണയം പ്രിയതമനിൽ ബാക്കി വെച്ച് മറഞ്ഞ മഹാറാണി, ചക്രവര്ത്തി യുടെ സിരകളെ തീ പിടിപ്പിക്കാന്‍ നിറഞ്ഞു പൂക്കുന്ന വസന്തമായി ഒരുങ്ങി ഇറങ്ങി ഇരുന്നത് അവിടെയായിരിക്കണം. 
യമുനയിലേക്ക് തുറക്കുന്ന ജാലകങ്ങൾ ഉണ്ടായിരുന്നു ആ കുളിപ്പുരയ്ക്ക്. അകത്ത് ഭിത്തിയും മേലാപ്പും മുഴുവന്‍ കണ്ണാടിത്തുണ്ടുകൾ. മുംതാസ് മഹലിന്റെ സൌന്ദര്യം ആയിരം മടങ്ങുകളായി പ്രതിഫലിപ്പിച്ച് കാണിച്ചിരിക്കും അവ. ചൂട് വെളളവും പച്ചവെള്ളവും വെവ്വേറെ വരുന്ന ബാത്ത് ടബ്ബുകൾ. പല വാദ്യോപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ഭിത്തികൾ. രാജകീയം! ഇത് എന്തൊരു പ്രേമം! പ്രണയിനിക്ക് ഇത്ര അധികം ജീവിത കാലത്ത് സജ്ജീകരിച്ച ചക്രവര്ത്തി് അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയതമയ്ക്ക് കാലത്തെ അതിജീവിക്കുന്ന സ്മാരകം പണിഞ്ഞതിൽ അപ്പോൾ അദ്ഭുതം തോന്നിയതെ ഇല്ല .കൊട്ടാരത്തിൽ സന്ദർശനാനുമതി ഇല്ലാത്ത ഒട്ടേറെ ഭാഗങ്ങൾ ഉണ്ട്..അവിടെ ഉണ്ടാവുമായിരിക്കും ചക്രവർത്തിനിയുടെ ഉറക്കറയും വിശ്രമ സ്ഥലങ്ങളും മറ്റു വിനോദ സ്ഥലങ്ങളും അനേകമനേകം രഹസ്യവഴികളും തുരങ്കങ്ങളുമെല്ലാം! ചരിത്രം എങ്ങനെ ഒക്കെ വളച്ചൊടിക്കപ്പെട്ടാലും ശരി , ഉന്മാദിയായ പ്രണയം ഉണ്ടായിരുന്നു അവിടെ..

അതേ കെട്ടിടത്തിൽ ആണത്രേ പുത്രനായ ഔറംഗസേബ് ഷാജഹാനെ വീട്ടു തടങ്കലിൽ പാര്പ്പിച്ചിരുന്നത്. ഷീഷ് മഹലിന്റെ മറ്റൊരു വശത്തുള്ള മട്ടുപ്പാവിൽ നിന്ന് നോക്കിയാൽ ദൂരെ യമുനാ തീരത്ത് താജ് കാണാം. പ്രിയ പുത്രി ബേഗം ജഹാനാരയുടെ സഹായത്താൽ ജീവിച്ചിരുന്ന വാർദ്ധക്യ കാലത്തും ഷാജഹാൻ ചക്രവര്ത്തിി ആ മട്ടുപ്പാവിൽ നിന്ന് പ്രിയപ്പെട്ടവളുടെ ഓര്മ്മയയിൽ ദൂരെ താജിലേക്ക് കണ്ണയക്കുമായിരുന്നുവത്രേ. രോഗാതുരനായി മരിക്കും വരേയ്ക്കും അവിടമായിരുന്നുവത്രെ അദ്ദേഹത്തിനു പ്രിയപ്പെട്ട ഇടം . ഓർമ്മകൾ പെയ്യുമിടം !

യമുനയിൽ അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ദൂരെ മഴയിൽ കുതിർന്ന് താജ്. പ്രണയം ഒരു മഴയിലും തോർന്നു പോവുന്നില്ല!

Written By & Photos -ബീഗം നൂര്‍ജഹാന്‍ സൈനബി